ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

കരൂര്‍ രാജവംശത്തിന്റെ അധീനതയില്‍പെട്ടതായിരുന്നു മുമ്പ് വാരപ്പെട്ടി പ്രദേശം. തൃക്കാരിയൂര്‍ ആസ്ഥാനമായുണ്ടായിരുന്ന കരൂര്‍ രാജവംശത്തിന്റെ പരിധിയില്‍പ്പെട്ടിരുന്ന ഈ പ്രദേശത്തിന്റെ വാരം പിരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി ഒരു പെട്ടി ഉണ്ടായിരുന്നു എന്നും കാലാന്തരത്തില്‍ പെട്ടിയിരുന്ന സ്ഥലം വാരപെട്ടിയായി അറിയപ്പെട്ടു തുടങ്ങി എന്നുമാണ് പറയപ്പെടുന്നത്. എളങ്ങവത്ത് അത്തിപ്പിള്ളി മുണ്ടന്‍ അവര്‍കള്‍ ഈ പഞ്ചായത്തില്‍ നിന്നും ദേശീയ പ്രസ്ഥാനത്തില്‍ പങ്കെടുത്ത വ്യക്തിയായിരുന്നു. വാരപ്പെട്ടിയില്‍ ആദ്യമായി ഒരു സ്കൂള്‍ തുടങ്ങിയത് 1898 ല്‍ പടിഞ്ഞാറേ പറമ്പിലാണ്. വാഴക്കുളം-കോതമംഗലം റോഡ് ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡാണ്. 1953 ലാണ് ഈ പഞ്ചായത്ത് രൂപംകൊണ്ടത്. ആദ്യത്തെ പ്രസിഡന്റ് പ്രൊ.വി.ജെ.ജോസഫ് കണ്ടവത്ത് ആയിരുന്നു. ഇന്ന് പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒരു കാലത്ത് വടക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു. തെക്കുംകൂര്‍, വടക്കുംകൂര്‍ നാട്ടുരാജ്യങ്ങളെ വേര്‍തിരിച്ചിരുന്ന കോട്ടയുടെ ആരംഭം കുറിക്കുന്ന കോട്ടപ്പാറയും രാജൈശ്വര്യങ്ങള്‍ പൂത്തുനിന്ന കോട്ടപ്പാടമെന്ന വിശാലമായ വയലേലയും വേണാട്ടധിപനായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ ആക്രമണത്തോടെ ചരിത്രത്താളുകളിലേക്ക് പിന്‍വാങ്ങി. വാരപ്പെട്ടിയിലെ പ്രസിദ്ധമായ മഹാദേവര്‍ ക്ഷേത്രത്തിന് ആയിരത്തില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1918 ജനുവരിയില്‍ സ്ഥാപിക്കപ്പെട്ട ഇഞ്ചൂര്‍ മാര്‍ത്തോമ്മ സിറിയന്‍ പള്ളി, 1895 ല്‍ സ്ഥാപിതമായ സെന്റ് മേരീസ് ക്നാനായ പള്ളി, 1931 ല്‍ സ്ഥാപിക്കപ്പെട്ട ഇഞ്ചൂര്‍ സെന്റ് ആന്റണീസ് ചര്‍ച്ച് നിരവധി മുസ്ളീം പള്ളികള്‍ എന്നിവയാണിവിടത്തെ ആരാധനാലയങ്ങള്‍. കൊല്ലവര്‍ഷം 1099-ല്‍ നടന്ന വെള്ളപ്പൊക്കം ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയില്‍ വളരെയധികം മാറ്റം വരുത്തിയതായി പഴമക്കാര്‍ വിശ്വസിക്കുന്നു. ഇടുക്കി ജില്ലയോട് ചേര്‍ന്ന് എല്ലാ അര്‍ത്ഥത്തിലും മലയോര സാഹചര്യങ്ങളുള്ള ഒരു ഗ്രാമപഞ്ചായത്താണ് വാരപ്പെട്ടി. വലിയൊരു ചരിത്രപശ്ചാത്തലമുള്ള പ്രദേശം ഉള്‍പ്പെട്ടതാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് പൂര്‍വ്വികന്‍മാര്‍ ആന, കടുവ, കരടി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളോട് മല്ലിട്ട്, ഘോരവനങ്ങളായിരുന്ന ഈ പ്രദേശം കൃഷിക്കുവേണ്ടി വെട്ടിത്തെളിച്ചപ്പോള്‍ കണ്ടെത്തിയ പ്രതിഷ്ഠകളും ശിലാശില്പങ്ങളും, മതിലുകളുടേയും വീടുകളുടേയും അവശിഷ്ടങ്ങളുമെല്ലാം ഈ പ്രദേശം പിന്നിട്ട മറ്റൊരു യുഗത്തിന്റേയും സംസ്കാരത്തിന്റെയും തെളിവുകളാണ്. കൃഷിക്കുവേണ്ടിയാണ് മറ്റുമേഖലകളില്‍ നിന്നു പൂര്‍വ്വികന്‍മാര്‍ ഇവിടെ കുടിയേറിപ്പാര്‍ത്തത്. നെല്‍കൃഷി ആയിരുന്നു ആദ്യകാലങ്ങളില്‍ ചെയ്തുവന്നിരുന്നത്. പിന്നീട് ഇഞ്ചിപ്പുല്ല്, തെങ്ങ്, കമുക്, മാവ്, പ്ളാവ്, കശുമാവ്, റബ്ബര്‍ തുടങ്ങിയ നാണ്യവിളകള്‍ കൃഷി ചെയ്യാന്‍ തുടങ്ങി.